The Mysteries of Time

This article explores the mystery of time by bringing together everyday experience, physics, philosophy, Indian metaphysics, and Christian theology. It explains how classical science treated time as absolute, how Einstein showed time is relative within space-time, and how modern quantum physics raises a deeper “problem of time,” suggesting that time may be emergent rather than fundamental. Alongside scientific insights—such as time dilation, the absence of a universal “now,” and quantum ideas like information not being truly lost and nonlocal connectedness—the article reflects on psychological and biological time, cyclical views of time in Indian thought, and the Christian understanding of sacred time shaped by God’s entry into history. Ultimately, it argues that as physics advances, it increasingly points toward deeper metaphysical questions, and that faith and modern science can form a philosophical bridge in understanding time, memory, communion, and hope beyond death.

Br Shibu Peediyekkal

2/1/20261 min read

സമയത്തിന്റെ രഹസ്യങ്ങൾ: ഫിസിക്സും ദൈവശാസ്ത്രവും സംഗമിക്കുമ്പോൾ

ഇന്ന് നമ്മൾ ചിന്തിക്കുന്നത് 'സമയത്തെ' കുറിച്ചാണ്. നിങ്ങളിൽ പലരോടും മറ്റുള്ളവർ പറയാറുള്ള ഒരു കാര്യമാണ്, നിങ്ങളുടെ 'ടൈം' ശരിയല്ല എന്ന്. എന്നാൽ നമ്മുടെ ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് സമയം എന്നത്. ഈ ചാനലിലെ മുൻ എപ്പിസോഡുകളിൽ പലപ്രാവശ്യം നമ്മൾ സമയത്തെ സംബന്ധിച്ച് സംസാരിച്ചിട്ടുണ്ട്.

സാമാന്യമായ അർത്ഥത്തിൽ പറഞ്ഞാൽ, മാറ്റങ്ങളുടെ നിരക്കിനെയാണ് (Rate of change) നമ്മൾ സമയം കൊണ്ട് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, അഞ്ചുമണിക്ക് മുമ്പ് വരാം അല്ലെങ്കിൽ അഞ്ചര കഴിയുമ്പോൾ വരാം എന്നൊക്കെ നമ്മൾ പറയാറുണ്ട്. ഇവിടെ 'മുമ്പ്' (Before), 'പിന്നീട്' (After) എന്നീ ധാരണകൾ വരുന്നു. അതുപോലെ ഭൂതം, ഭാവി, വർത്തമാനം (Past, Present, Future) എന്നിങ്ങനെയും നമ്മൾ സമയത്തെ തരംതിരിക്കുന്നു. സമയം മുന്നോട്ട് പോകുന്തോറും കുട്ടികൾ വളരുന്നു, നമുക്ക് പ്രായമാകുന്നു; ഇതെല്ലാം സമയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. സാധാരണ അർത്ഥത്തിൽ സമയത്തെക്കുറിച്ച് നമുക്കുള്ള ധാരണ ഇങ്ങനെയൊക്കെയാണ്.

എന്നാൽ സമയത്തെക്കുറിച്ച് ശാസ്ത്രീയമായ ഒരു ധാരണ നൽകുന്നത് ഫിസിക്സാണ്. ഫിസിക്സിനെ സംബന്ധിച്ച് സമയം എന്നത് ഒരു 'ഡൈമെൻഷൻ' (Dimension) ആണ്. ഡൈമെൻഷൻ എന്നാൽ മലയാളത്തിൽ 'മാനം' എന്ന് പറയും; ലളിതമായി പറഞ്ഞാൽ ഒരു 'അളവ്'. നമ്മൾ ജീവിക്കുന്നത് ഒരു ത്രിമാന ലോകത്തിലാണ് (3D World). നീളം, വീതി, ഉയരം എന്നിങ്ങനെ സാധാരണഗതിയിൽ നമ്മൾ പറയുന്ന ത്രിമാന അളവുകളുടെ അതിരുകളിലാണ് നമ്മുടെ ജീവിതം.

ഈ മൂന്ന് അളവുകൾ കഴിഞ്ഞാൽ നാലാമത്തെ ഡൈമെൻഷനാണ് സമയം (Time is the fourth dimension). നമ്മൾ നീളവും വീതിയും ഉയരവും അളക്കുന്നതുപോലെ തന്നെ അളക്കേണ്ട ഒന്നാണ് സമയവും. സ്പേസിലാണ് (Space) ആദ്യത്തെ മൂന്ന് ഡൈമെൻഷനുകൾ നമ്മൾ അളക്കുന്നത്. അതുകൊണ്ടാണ് നമ്മൾ എപ്പോഴും ഇതിനെ 'സ്പേസ് ആൻഡ് ടൈം' (Space-time) എന്ന് വിശേഷിപ്പിക്കുന്നത്.

'സ്പേസ് ആൻഡ് ടൈം' എന്നതിനെ നമുക്ക് മലയാളത്തിൽ 'കാലദേശം' എന്ന് വിളിക്കാം. ആൽബർട്ട് ഐൻസ്റ്റീനെ എക്കാലത്തെയും വലിയ ഫിസിസിസ്റ്റ് ആയും ശാസ്ത്രജ്ഞനായും ചിന്തകനായും ലോകം കണക്കാക്കുന്നതിന് പ്രധാനപ്പെട്ട ഒരു കാരണമുണ്ട്. സമയത്തെ സംബന്ധിച്ച പരമ്പരാഗതമായ സങ്കൽപങ്ങളെ തന്റെ ആപേക്ഷിക സിദ്ധാന്തത്തിലൂടെ (Theory of Relativity) അദ്ദേഹം വിപ്ലവകരമായി പൊളിച്ചെഴുതി എന്നതാണ് അത്.

ഐൻസ്റ്റീന് മുമ്പ് വരെ എല്ലാവരും വിശ്വസിച്ചിരുന്നത് സമയം എന്നത് 'അബ്സല്യൂട്ട്' (Absolute) ആണെന്നാണ്. അതായത്, സമയം ഒരു നിത്യസത്യമാണ്, അത് എല്ലാവർക്കും എല്ലായിടത്തും ഒരുപോലെയാണ് എന്നായിരുന്നു പൊതുവായ ധാരണ. എന്നാൽ ഐൻസ്റ്റീൻ ആ സിദ്ധാന്തത്തെ തിരുത്തി. സമയം പ്രധാനമായും രണ്ട് ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്നു എന്ന് അദ്ദേഹം അവതരിപ്പിച്ചു: ഒന്ന് ഗ്രാവിറ്റി (Gravity), മറ്റൊന്ന് സ്പീഡ് അഥവാ വെലോസിറ്റി (Speed/Velocity).

ഗ്രാവിറ്റി സമയത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന് ഒരു ഉദാഹരണം നോക്കാം. ഉയരമുള്ള ഒരു ഗോപുരത്തിന്റെ മുകളിൽ വെച്ചിരിക്കുന്ന ക്ലോക്കും അതിന്റെ ചുവട്ടിൽ വെച്ചിരിക്കുന്ന ക്ലോക്കും പരിഗണിക്കുക. മുകളിലെ ക്ലോക്കിനെ അപേക്ഷിച്ച് ചുവട്ടിലെ ക്ലോക്ക് അല്പം സാവധാനമേ (Slow) ചലിക്കൂ. നമ്മൾ ഈ പറയുന്ന 'സ്ലോ' അല്ലെങ്കിൽ 'ഫാസ്റ്റ്' എന്നത് നമ്മുടെ സാധാരണ അളവുകളിൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ഒന്നല്ല; അതൊരു തിയററ്റിക്കൽ ലെവലിലാണ് മനസ്സിലാക്കേണ്ടത്. ഇതിൽ നിന്നും വ്യക്തമാകുന്നത് സമയം ഒരിക്കലും 'അബ്സല്യൂട്ട്' അല്ല എന്നതാണ്. അതായത് 'നിരപേക്ഷമായ സമയം' എന്നൊന്നില്ല, സമയം എപ്പോഴും 'ആപേക്ഷികം' (Relative) ആണ്. സ്പീഡും ഗ്രാവിറ്റിയും അനുസരിച്ച് സമയത്തിന്റെ വേഗതയിൽ മാറ്റം വരാം.

ഒരു തമാശ പറയുകയാണെങ്കിൽ, ഞാൻ പലപ്പോഴും വീട്ടിൽ കുട്ടികളോടും വൈഫിനോടും പറയാറുള്ള ഒരു കാര്യമുണ്ട്. എവിടെയെങ്കിലും പോകാൻ ഒരുങ്ങുമ്പോൾ നമ്മൾ എപ്പോഴും സമയത്തിന് മുൻഗണന നൽകാറുണ്ടല്ലോ. കുട്ടികൾ ഒരുങ്ങാൻ താമസിക്കുമ്പോൾ ഞാൻ അവരോട് പറയും, "സമയം ഇലാസ്റ്റിക് അല്ല" എന്ന്. നമ്മൾ വീട്ടിൽ നിന്ന് ഇറങ്ങാൻ ഏഴ് മിനിറ്റ് വൈകിയാൽ സ്കൂളിലെത്തുമ്പോൾ അവിടെ വലിയ ട്രാഫിക് ആയിരിക്കും. 6:50-ന് എത്തേണ്ടിടത്ത് അത് കഴിഞ്ഞാൽ എല്ലാം വൈകും.

"സമയം ഇലാസ്റ്റിക് അല്ല" എന്ന് അവരോട് പറയുമ്പോഴും ഉള്ളിൽ ഞാൻ ചിരിക്കാറുണ്ട്. കാരണം, ശാസ്ത്രീയമായി പറഞ്ഞാൽ സത്യത്തിൽ 'ടൈം ഈസ് ഇലാസ്റ്റിക്' (Time is elastic). സമയത്തിന് ഒരു ഇലാസ്തികതയുണ്ട്. എങ്കിലും പ്രായോഗിക ജീവിതത്തിൽ സമയം ആർക്കും വേണ്ടി കാത്തുനിൽക്കാതെ ഇങ്ങനെ കടന്നുപോയിക്കൊണ്ടിരിക്കുന്നു.

അതുകൊണ്ട്, നമ്മുടെ നിത്യജീവിതത്തിലെ ഏറ്റവും കരുത്തുള്ള കഥാപാത്രം സമയമാണ്. സമയത്തെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല, അത് ആർക്കുവേണ്ടിയും കാത്തുനിൽക്കുന്നുമില്ല. ടാറ്റയോ ബിർളയോ ആകട്ടെ, അതാനി ആകട്ടെ, ഇനി മറ്റാരെങ്കിലുമാകട്ടെ—കോടീശ്വരനായാലും തെരുവിൽ കഴിയുന്ന പിച്ചക്കാരനായാലും ലുലു മാൾ നടത്തുന്ന യൂസഫലി ആണെങ്കിലും സമയം എല്ലാവർക്കും ഒരുപോലെയാണ്. സന്ധ്യയാകുന്നത് എല്ലാവർക്കും ഒരുപോലെയാണ്. ആർക്കും സമയത്തെ അതിജീവിക്കാൻ സാധിക്കില്ല. സത്യത്തിൽ സമയം ആരുടെയും നിയന്ത്രണത്തിലല്ല; സമയമാണ് എല്ലാവരെയും ഭരിക്കുന്നത്. "സമയം ആകുമ്പോൾ പള്ളിമണി അടിക്കും, മൂക്കിൽ പഞ്ഞി വെക്കും" എന്നൊക്കെ നമ്മൾ കേട്ടിട്ടില്ലേ? ഒരു മുഖ്യമന്ത്രിക്ക് അധികാരം ഒഴിഞ്ഞു പോകേണ്ടി വരുന്നതും ഇലക്ഷനെ നേരിടേണ്ടി വരുന്നതുമെല്ലാം സമയത്തിന്റെ നിശ്ചയങ്ങളാണ്. നമ്മുടെ അനുദിന ജീവിതത്തിൽ ഏറ്റവും 'സൂപ്പർ പവർ' സമയമാണ്. അതുകൊണ്ടാണ് പ്രായോഗികമായി ചിന്തിക്കുമ്പോൾ "സമയം ഇലാസ്റ്റിക് അല്ല" എന്ന് ഞാൻ പറയുന്നത്.

എന്നാൽ ശാസ്ത്രീയമായി നോക്കിയാൽ സമയം അബ്സല്യൂട്ട് (Absolute) അല്ല, അത് ആപേക്ഷികമാണ് (Relative). ഇതിനെയാണ് നമ്മൾ 'സ്പേസ്-ടൈം' അഥവാ 'കാലദേശം' എന്ന് വിളിക്കുന്നത്. ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ട പ്രധാന കാര്യം, പ്രപഞ്ചത്തിൽ 'അബ്സല്യൂട്ട് നൗ' (Absolute Now) എന്നൊന്നില്ല എന്നതാണ്. അതായത്, നമ്മൾ ഇപ്പോൾ എന്ന് പറയുന്ന നിമിഷം മറ്റൊരാൾക്ക് ആ നിമിഷം തന്നെ ആകണമെന്നില്ല. സമയത്തെക്കുറിച്ചുള്ള സാമാന്യമായ അർത്ഥവും ശാസ്ത്രീയമായ അർത്ഥവുമാണ് ഇതുവരെ നമ്മൾ ചർച്ച ചെയ്തത്.

ഇനി നമുക്ക് ഇതിന്റെ തത്വചിന്താപരമായ (Philosophical) വശങ്ങളിലേക്ക് വരാം. യവന തത്വചിന്തകനായ പ്ലേറ്റോ പറഞ്ഞത്, "സമയം നിത്യതയുടെ ചലിക്കുന്ന പ്രതിബിംബമാണ്" (Time is the moving image of eternity) എന്നാണ്. മാറ്റത്തിന്റെ നിരക്കിനെയാണ് (Rate of change) അരിസ്റ്റോട്ടിൽ സമയം എന്ന് വിശേഷിപ്പിച്ചത്. എന്നാൽ വിഖ്യാത ചിന്തകനായ അഗസ്റ്റിൻ (St. Augustine) സമയത്തെക്കുറിച്ച് പറഞ്ഞത് വളരെ രസകരമാണ്. അദ്ദേഹം പറഞ്ഞു: "ആരും എന്നോട് ചോദിക്കാതിരുന്നാൽ എനിക്ക് സമയം എന്താണെന്ന് അറിയാം. എന്നാൽ ആരെങ്കിലും ചോദിച്ചിട്ട് ഞാൻ അത് വിവരിക്കാൻ ശ്രമിച്ചാലോ, അപ്പോൾ എനിക്കത് അറിയില്ല താനും!" (If no one asks me, I know; if I want to explain it, I don't know).

അഗസ്റ്റിന്റെ വ്യാഖ്യാനം ലളിതമായി പറഞ്ഞാൽ ഇങ്ങനെയാണ്:

  • ഭൂതകാലം (Past): നമ്മുടെ സ്മൃതിയാണ് (Memory).

  • വർത്തമാനകാലം (Present): നമ്മുടെ ശ്രദ്ധയാണ് (Attention).

  • ഭാവികാലം (Future): നമ്മുടെ പ്രതീക്ഷയാണ് (Expectation).

പാശ്ചാത്യ ഗ്രന്ഥങ്ങളിൽ അഗസ്റ്റിന്റെ ഈ നിരീക്ഷണങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് സമയത്തെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തെ പരാമർശിക്കേണ്ടി വരുന്നത്. ഇനി നമുക്ക് ഇതിന്റെ നാലാമത്തെ വശമായ സൈക്കോളജിക്കൽ ടൈമിനെ (Psychological Time) കുറിച്ച് സംസാരിക്കാം.

നാലാമതായി നമ്മൾ ചിന്തിക്കുന്നത് മനശാസ്ത്രപരമായ സമീപനത്തെക്കുറിച്ചാണ് (Psychological Time). ഇവിടെ സമയം എന്നത് കേവലം വാച്ചിലെ അളവല്ല, മറിച്ച് അതൊരു 'അനുഭവമാണ്'. നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെയോ കാമുകിയുടെയോ കൂടെ ഇരിക്കുകയാണെന്ന് കരുതുക, സമയം പോകുന്നത് നമ്മൾ അറിയുകയേയില്ല. ഇഷ്ടപ്പെട്ട ഒരു ടിവി ഷോ കണ്ടിരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ വിളിച്ചാൽ പോലും നമ്മൾ സമയം ശ്രദ്ധിക്കില്ല. എന്നാൽ, സങ്കടകരമോ വേദനിപ്പിക്കുന്നതോ ആയ ഒരു സാഹചര്യത്തിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നതെങ്കിൽ—ഉദാഹരണത്തിന്, പ്രിയപ്പെട്ട ഒരാൾ ഓപ്പറേഷൻ തിയേറ്ററിലായിരിക്കുമ്പോൾ നിങ്ങൾ പുറത്ത് കാത്തുനിൽക്കുകയാണെങ്കിൽ—സമയത്തിന് നീളം കൂടുന്നതായി തോന്നും. ആക്ച്വലി ഒരു മണിക്കൂർ എന്നത് എല്ലായിടത്തും ഒരു മണിക്കൂർ തന്നെയാണെങ്കിലും, നമ്മുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും. ഇതിനെയാണ് സൈക്കോളജിക്കൽ ടൈം എന്ന് പറയുന്നത്.

അഞ്ചാമത്തേത് ബയോളജിക്കൽ ടൈം (Biological Time) ആണ്. നമ്മുടെ ശരീരത്തിന് സ്വന്തമായി ഒരു സമയക്രമമുണ്ട്. ക്ഷീണം തോന്നുന്നതും ഉറക്കം വരുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. നമ്മുടെ മുടി നരക്കുന്നതും ചർമ്മത്തിൽ ചുളിവുകൾ വീഴുന്നതും ഈ ബയോളജിക്കൽ ടൈം കാരണമാണ്. ഇതിനെ നമുക്ക് ജീവിതത്തിന്റെ സീസണുകൾ എന്ന് വിളിക്കാം; ശൈശവം, ബാല്യം, കൗമാരം, യൗവനം, മധ്യവയസ്സ്, വാർദ്ധക്യം എന്നിങ്ങനെ അത് തുടർന്നുപോകുന്നു.

ആറാമതായി വരുന്നത് തിയോളജിക്കൽ ടൈം (Theological Time) അഥവാ ദൈവശാസ്ത്രപരമായ സമയമാണ്. ദൈവം സമയത്തിനും സ്ഥലത്തിനും അതീതനാണ് (God is beyond time and space). എന്നാൽ ദൈവം സമയത്തിലേക്കും ചരിത്രത്തിലേക്കും ഇറങ്ങിവന്നു എന്നതാണ് ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനം. അതുകൊണ്ട് തന്നെ നമ്മൾ സമയത്തെ വിശുദ്ധമായി (Sacred) കാണുന്നു. സൃഷ്ടിയും രക്ഷാകര ചരിത്രവും (Salvation History) തമ്മിൽ വേർപിരിക്കാനാവാത്ത ബന്ധമാണുള്ളത്. മോർ അത്താനാസ്യോസ് തിരുമേനി പറഞ്ഞതുപോലെ, ദൈവം ചരിത്രത്തിലേക്ക് ഇറങ്ങിവന്നപ്പോഴാണ് ചരിത്രം അർത്ഥപൂർണ്ണമായി തീർന്നത്. ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ പ്രധാന ഘടകമായി ചരിത്രപഠനം മാറിയതും അതുകൊണ്ടാണ്. ഇതിനെക്കുറിച്ച് ഒരു 'കാറ്റാഫാറ്റിക്' (Kataphatic) രീതിയിലും 'അപ്പോഫാറ്റിക്' (Apophatic) രീതിയിലും നമുക്ക് ചിന്തിക്കാൻ കഴിയും. ചുരുക്കത്തിൽ, മാറ്റത്തിന്റെയും ജീവന്റെയും ഒഴുക്കിനെയാണ് നമ്മൾ സമയം എന്ന് വിളിക്കുന്നത്.

പാശ്ചാത്യ ചിന്താഗതികളെക്കുറിച്ച് നമ്മൾ പറഞ്ഞു. ഇനി ഭാരതീയ തത്വചിന്തയിലേക്ക് വന്നാൽ, സമയത്തെ നമ്മൾ 'കാലം' എന്നാണ് വിളിക്കുന്നത്. യമധർമ്മനായ 'കാലനെ' കുറിച്ചല്ല ഞാൻ പറയുന്നത്. ഭാരതീയ ചിന്തയിൽ സമയത്തിന് വളരെ ആഴമേറിയ അർത്ഥമാണുള്ളത്. പാശ്ചാത്യർ സമയത്തെ ഒരു നേർരേഖയായി (Linear) കാണുമ്പോൾ, ഭാരതീയ ചിന്തയിൽ സമയം എന്നത് ഒരു വൃത്തം പോലെയാണ് (Cyclical). അതായത്, അത് ആവർത്തിച്ചുകൊണ്ടിരിക്കുന്നു, ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നു.

ഇനി നമുക്ക് ഭാരതീയ തത്വചിന്തയിൽ സമയത്തെ (കാലം) എങ്ങനെയാണ് കാണുന്നത് എന്ന് നോക്കാം. ഭാരതീയ ചിന്തയിൽ 'കാലം' എന്നത് ഒരു കോസ്മിക് പ്രിൻസിപ്പിൾ (Cosmic Principle) ആണ്. ഇന്ത്യയിൽ വിവിധ ചിന്താധാരകൾ (Schools of Philosophy) ഉള്ളതുകൊണ്ട് തന്നെ കാലത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്. എങ്കിലും പൊതുവായ ചില കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.

പാശ്ചാത്യർ സമയത്തെ ഒരു നേർരേഖയായി (Linear) കാണുമ്പോൾ, ഭാരതീയ ചിന്തയിൽ സമയം എന്നത് സൈക്ലിക്കൽ (Cyclical) അഥവാ വൃത്താരൂഢമാണ്. ഇതിനെയാണ് നമ്മൾ 'കാലചക്രം' അല്ലെങ്കിൽ 'സംസാരചക്രം' എന്ന് വിളിക്കുന്നത്. സൃഷ്ടി, സ്ഥിതി, സംഹാരം (Creation, Preservation, Dissolution) എന്നിങ്ങനെ ഈ ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. ഇതിനെ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നീ മൂർത്തികളിലൂടെ നമ്മൾ പ്രതീകവൽക്കരിച്ചിട്ടുണ്ട്.

വേദങ്ങളിലും ഉപനിഷത്തുകളിലും കാലത്തെ പലപ്പോഴും 'മായ'യുമായാണ് ബന്ധിപ്പിക്കുന്നത്. ബ്രഹ്മം കാലത്തിന് അതീതനാണ് (Akaala). അതുകൊണ്ട് തന്നെ മരണത്തെ അതിജീവിക്കുക എന്നാൽ കാലത്തെ അതിജീവിക്കുക (കാലാതീതനാകുക) എന്നാണ് അർത്ഥം.

വിവിധ ഇന്ത്യൻ സ്കൂളുകൾ കാലത്തെ നോക്കിക്കാണുന്നത് ഇങ്ങനെയാണ്:

  • ന്യായ-വൈശേഷിക സ്കൂൾ: ഇവരെ സംബന്ധിച്ച് കാലം എന്നത് നിത്യവും സത്യവുമാണ് (Objective Realism). മനസ്സിനോട് ബന്ധമില്ലാതെ തന്നെ സ്വതന്ത്രമായി നിലനിൽക്കുന്ന ഒന്നാണ് കാലം.

  • സാംഖ്യ സ്കൂൾ: കാലം ഒരു പ്രത്യേക അസ്തിത്വമുള്ള ഒന്നല്ല, മറിച്ച് പ്രകൃതിയുടെ മാറ്റങ്ങളുടെ ഫലമാണെന്നാണ് ഇവർ പറയുന്നത്.

  • യോഗ സ്കൂൾ: യോഗ ദർശനപ്രകാരം സമയം എന്നത് കേവലം ഒരു മാനസിക നിർമ്മിതിയാണ്. സമയബോധത്തിൽ നിന്നുള്ള മോചനമാണ് 'മോക്ഷം'. നമ്മുടെ ഉത്കണ്ഠകളും ആകുലതകളും പലപ്പോഴും സമയവുമായി ബന്ധപ്പെട്ടതാണ്. "എനിക്ക് വയസ്സായി", "സമയം പോയി", "ഇനി എത്ര കാലം ബാക്കിയുണ്ട്" തുടങ്ങിയ ചിന്തകളാണ് മനുഷ്യനെ തളർത്തുന്നത്. ഈ സമയബന്ധനത്തിൽ നിന്നുള്ള സ്വാതന്ത്ര്യമാണ് യോഗ ലക്ഷ്യം വെക്കുന്നത്.

  • അദ്വൈത വേദാന്തം: ശങ്കരാചാര്യരുടെ അദ്വൈത ദർശനത്തിൽ ബ്രഹ്മം മാത്രമാണ് സത്യം, കാലം എന്നത് ഒരു മായയാണ്.

ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണൻ സ്വയം വിശേഷിപ്പിക്കുന്നത് "കാലോസ്മി ലോകക്ഷയകൃത് പ്രവൃദ്ധോ" (ഞാൻ ലോകങ്ങളെ നശിപ്പിക്കുന്ന കാലമാകുന്നു) എന്നാണ്. ആറ്റം ബോംബിന്റെ പിതാവായ റോബർട്ട് ഓപ്പൺഹൈമർ ഈ വാചകം ഉദ്ധരിച്ചത് പണ്ട് വലിയ ചർച്ചയായിരുന്നു.

മറ്റ് ദർശനങ്ങളായ ബുദ്ധിസത്തിൽ സമയം എന്നത് നിമിഷനേരം മാത്രം നിലനിൽക്കുന്ന ഒന്നാണ് (Momentariness). അതുകൊണ്ടാണ് അവർ 'വർത്തമാന നിമിഷത്തിൽ' ജീവിക്കാൻ പഠിപ്പിക്കുന്നത്. ജൈനമതത്തിൽ സമയത്തെ ദ്രവ്യമായി കണക്കാക്കുകയും അതിനെ ഉത്സർപ്പിണി, അവസർപ്പിണി എന്നിങ്ങനെ രണ്ട് ചക്രങ്ങളായി തിരിക്കുകയും ചെയ്തിട്ടുണ്ട്.

ശാസ്ത്രത്തിലേക്ക് തിരിച്ചു വന്നാൽ, ഈ ആപേക്ഷികതാ സിദ്ധാന്തം (Relativity) ആദ്യമായി അവതരിപ്പിച്ചപ്പോൾ ആൽബർട്ട് ഐൻസ്റ്റീൻ വലിയ പരിഹാസങ്ങൾ നേരിട്ടിരുന്നു. അദ്ദേഹം ഒരു യഹൂദനായതുകൊണ്ട് ഇതിനെ 'ജൂത ശാസ്ത്രം' എന്ന് വിളിച്ച് മുഖ്യധാരാ ശാസ്ത്രജ്ഞർ തള്ളിക്കളയാൻ ശ്രമിച്ചു. എന്നാൽ പിന്നീട് ലോകം അംഗീകരിച്ചത് സമയത്തിന്റെ ആ ആപേക്ഷികതയെയാണ്.

ചുരുക്കത്തിൽ, നമ്മളെ സംബന്ധിച്ച് സമയം ഒരു തടവറയോ അല്ലെങ്കിൽ ഒരു ഒഴുക്കോ ആകാം. അത് ശാസ്ത്രീയമായും തത്വചിന്താപരമായും മനശാസ്ത്രപരമായും വ്യത്യസ്ത രീതികളിൽ നമ്മെ സ്വാധീനിക്കുന്നു. ഈ സമയത്തെ എങ്ങനെ മനസ്സിലാക്കുന്നു എന്നതിലാണ് നമ്മുടെ ജീവിതത്തിന്റെ അർത്ഥം ഇരിക്കുന്നത്.

നമ്മുടെ ചാനലിന്റെ ലക്ഷ്യം സങ്കീർണ്ണമായ കാര്യങ്ങൾ ലളിതമായി പറയുക എന്നതാണല്ലോ. അതുകൊണ്ട് ഈ 'ആപേക്ഷികത' (Relativity of Time) നമുക്കൊരു ഉദാഹരണത്തിലൂടെ നോക്കാം.

നിങ്ങൾ ഒരു ഹൈവേയുടെ സൈഡിൽ നിൽക്കുകയാണെന്ന് കരുതുക. വണ്ടികൾ അതിവേഗത്തിൽ പാഞ്ഞുപോകുന്നത് കാണുമ്പോൾ നമുക്ക് വലിയ വേഗത അനുഭവപ്പെടും. എന്നാൽ നിങ്ങൾ ഒരു കാറിൽ 100 കിലോമീറ്റർ വേഗതയിൽ പോവുകയാണെങ്കിൽ, നിങ്ങളുടെ തൊട്ടടുത്ത് അതേ വേഗതയിൽ പോകുന്ന മറ്റൊരു കാർ ശ്രദ്ധിച്ചാൽ, അത് വേഗത്തിൽ പോകുന്നതായി നിങ്ങൾക്ക് തോന്നില്ല. പകരം ആ വണ്ടി നിങ്ങളുടെ ഒപ്പം തന്നെ നിൽക്കുന്നതായി തോന്നും. ആ വണ്ടി 110 കിലോമീറ്റർ വേഗതയിലാണ് പോകുന്നതെങ്കിൽ, നിങ്ങൾക്ക് അനുഭവപ്പെടുന്നത് വെറും 10 കിലോമീറ്റർ വേഗത മാത്രമായിരിക്കും. ഇതിനെയാണ് 'ആപേക്ഷിക വേഗത' എന്ന് പറയുന്നത്. എന്നാൽ വഴിയിൽ നിൽക്കുന്ന ഒരാളെ സംബന്ധിച്ച് ഈ രണ്ട് വണ്ടികളും അതിവേഗത്തിലാണ് പോകുന്നത്.

സമയത്തിന്റെ ആപേക്ഷികത വ്യക്തമാക്കാൻ ശാസ്ത്രലോകം നൽകുന്ന ഒരു പ്രശസ്തമായ ഉദാഹരണമുണ്ട്; 'ട്രെയിൻ പരീക്ഷണം'. ഒരു കിലോമീറ്റർ നീളമുള്ള ഒരു ട്രെയിൻ അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നു. അതിന്റെ കൃത്യം മധ്യത്തിൽ നിങ്ങളുടെ ഒരു സുഹൃത്ത് നിൽക്കുന്നു. ട്രെയിനിന്റെ മുന്നിലും പിന്നിലും ഓരോ ഫ്ലാഷ് ലൈറ്റുകൾ ഉണ്ട്. ട്രെയിനിന് പുറത്ത് പറമ്പിൽ നിൽക്കുന്ന നിങ്ങൾ ഈ ട്രെയിനെ നിരീക്ഷിക്കുമ്പോൾ, മുന്നിലെയും പിന്നിലെയും ലൈറ്റുകൾ ഒരേ സമയം (Simultaneously) കത്തുന്നതായി കാണുന്നു.

എന്നാൽ ട്രെയിനിനുള്ളിലെ സുഹൃത്തിന്റെ അനുഭവം മറിച്ചായിരിക്കും. ട്രെയിൻ മുന്നോട്ട് കുതിക്കുന്നതിനാൽ, മുന്നിലെ ലൈറ്റിൽ നിന്നുള്ള പ്രകാശം സുഹൃത്തിലേക്ക് വേഗത്തിൽ എത്തുന്നു. പിന്നിലെ ലൈറ്റിൽ നിന്ന് ട്രെയിൻ അകന്നുപോകുന്നതിനാൽ ആ പ്രകാശം സുഹൃത്തിന് അല്പം വൈകിയേ കാണാൻ സാധിക്കൂ. അതായത്, പുറത്തുനിൽക്കുന്ന നിങ്ങൾക്ക് 'ഒരേ സമയം' നടന്ന ഒരു കാര്യം, ഉള്ളിലുള്ള സുഹൃത്തിന് 'രണ്ട് സമയങ്ങളിലായാണ്' അനുഭവപ്പെടുന്നത്. ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് പ്രപഞ്ചത്തിൽ 'യൂണിവേഴ്സൽ നൗ' (Universal Now) അഥവാ എല്ലായിടത്തും ഒരുപോലെ ബാധകമായ ഒരു 'ഇപ്പോൾ' നിലനിൽക്കുന്നില്ല എന്നതാണ്.

മറ്റൊരു രസകരമായ ഉദാഹരണം 'ഇരട്ടകളുടെ വൈരുദ്ധ്യം' (Twin Paradox) ആണ്. ഒരേ സമയം ജനിച്ച രണ്ട് കുട്ടികളിൽ ഒരാളെ പ്രകാശവേഗതയുള്ള ഒരു റോക്കറ്റിൽ ബഹിരാകാശത്തേക്ക് അയക്കുന്നു എന്ന് കരുതുക. വർഷങ്ങൾ കഴിഞ്ഞ് അയാൾ തിരിച്ചു വരുമ്പോൾ, ഭൂമിയിൽ ഉണ്ടായിരുന്ന തന്റെ സഹോദരന് തന്നെക്കാൾ 40 വയസ്സ് കൂടുതൽ പ്രായമായതായി അയാൾക്ക് കാണാൻ സാധിക്കും. വെലോസിറ്റിയും ഗ്രാവിറ്റിയും സമയത്തെ സ്വാധീനിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

നമ്മൾ ആകാശത്തേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ചകളും ഇത്തരത്തിൽ ആപേക്ഷികമാണ്. നിങ്ങൾ ഇന്ന് രാത്രി കാണുന്ന നക്ഷത്രങ്ങൾ യഥാർത്ഥത്തിൽ ഇന്നത്തെ നക്ഷത്രങ്ങളല്ല. അവയിൽ പലതും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നശിച്ചുപോയവയാകാം. 6000 പ്രകാശവർഷം അകലെയുള്ള ഒരു നക്ഷത്രത്തിന്റെ പ്രകാശം നമ്മുടെ കണ്ണിലെത്താൻ 6000 വർഷമെടുക്കും. അതായത്, നിങ്ങൾ ആ നക്ഷത്രത്തെ കാണുമ്പോൾ അതിന്റെ 6000 വർഷം പഴയ രൂപമാണ് കാണുന്നത്. സൂര്യന്റെ കാര്യമെടുത്താൽ, നമ്മൾ കാണുന്നത് എട്ടര മിനിറ്റ് മുമ്പുള്ള സൂര്യനെയാണ്. സൂര്യൻ ഇപ്പോൾ അണഞ്ഞുപോയാൽ പോലും എട്ടര മിനിറ്റ് കഴിഞ്ഞേ നമുക്ക് അത് അറിയാൻ സാധിക്കൂ.

ചുരുക്കത്തിൽ നമ്മൾ ആകാശത്തേക്ക് നോക്കുമ്പോൾ യഥാർത്ഥത്തിൽ ഭൂതകാലത്തിലേക്കാണ് നോക്കുന്നത്. ആൽബർട്ട് ഐൻസ്റ്റീൻ 1915-ൽ അവതരിപ്പിച്ച ഈ ചിന്തകൾ അന്ന് പല പരിഹാസങ്ങൾക്കും പാത്രമായെങ്കിലും, ഇന്ന് ശാസ്ത്രം അംഗീകരിക്കുന്ന വലിയൊരു സത്യമാണിത്. സമയത്തിന്റെ ഈ 'വികൃതികൾ' മനസ്സിലാക്കുമ്പോഴാണ് പ്രപഞ്ചം എത്രത്തോളം അത്ഭുതകരമാണെന്ന് നമുക്ക് ബോധ്യപ്പെടുന്നത്.

ഇന്നത്തെ കാലം ക്വാണ്ടം ഫിസിക്സിന്റേതാണ്. നമ്മൾ നേരത്തെ കരുതിയിരുന്ന പല പരമ്പരാഗത ശാസ്ത്ര സങ്കല്പങ്ങളെയും ക്വാണ്ടം ഫിസിക്സ് പൊളിച്ചെഴുതിക്കഴിഞ്ഞു. ഉദാഹരണത്തിന്, പ്രകാശം എന്നത് ഊർജ്ജത്തിന്റെ ഒരു തുടർച്ചയായ ഒഴുക്കാണെന്നായിരുന്നു (Flow of energy) പഴയ ധാരണ. എന്നാൽ പ്രകാശം എന്നത് 'പാക്കറ്റുകൾ' അഥവാ ക്വാണ്ടംസ് (Packets of energy) ആണെന്ന് ഇന്ന് നമുക്കറിയാം. ഒരു ഡിജിറ്റൽ ചിത്രത്തെ നിങ്ങൾ സൂം ചെയ്തു നോക്കിയാൽ അത് ചെറിയ പിക്സലുകളായി (Pixels) കാണുന്നത് പോലെ, പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകങ്ങളെ പാക്കറ്റുകളായി കാണുന്ന രീതിയാണിത്.

ഏറ്റവും രസകരമായ കാര്യം, ക്വാണ്ടം ഫിസിക്സിലെ പുതിയ കണ്ടെത്തലുകൾ ഓർത്തഡോക്സ് വിശ്വാസങ്ങളുമായി വളരെയധികം പൊരുത്തപ്പെടുന്നു എന്നതാണ്. ഇതിനെ നമുക്ക് 'കോംപ്ലിമെന്ററി' (Complementary) എന്ന് വിളിക്കാം. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് 'നോ ഹൈഡിങ് തിയറം' (No-Hiding Theorem). ക്വാണ്ടം ലോകത്ത് ഒരു വിവരവും (Information) നശിപ്പിക്കപ്പെടുന്നില്ല എന്നാണ് ഇത് പറയുന്നത്. നമ്മുടെ മെമ്മറി കാർഡിലെ ഫോട്ടോകൾ നഷ്ടപ്പെടുന്നത് പോലെ വിവരങ്ങൾ പ്രപഞ്ചത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നില്ല. അത് ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറുന്നു അല്ലെങ്കിൽ സിസ്റ്റത്തിന്റെ മറ്റൊരു ഭാഗത്ത് എൻകോഡ് ചെയ്യപ്പെടുന്നു.

ഇതിനെ നമ്മുടെ വിശ്വാസവുമായി ചേർത്തു വായിക്കാം. "എന്നിൽ വിശ്വസിക്കുന്നവൻ ഒരുനാളും മരിക്കുകയില്ല" എന്ന കർത്താവിന്റെ വചനം പോലെ, ഒന്നും ആത്യന്തികമായി നശിപ്പിക്കപ്പെടുന്നില്ല എന്ന ബോധ്യം ശാസ്ത്രവും ഇന്ന് പങ്കുവെക്കുന്നു. ഇതൊരു 'സർവൈവൽ ആഫ്റ്റർ ഡെത്ത്' സിദ്ധാന്തമല്ലെങ്കിലും, നമ്മുടെ ആത്മീയ ബോധ്യങ്ങൾക്ക് സമാന്തരമായ ഒരു ചിന്ത ശാസ്ത്രത്തിൽ രൂപപ്പെടുന്നുണ്ട്.

മറ്റൊരു പ്രധാന സിദ്ധാന്തം 'ക്വാണ്ടം എന്റാംഗിൾമെന്റ്' (Quantum Entanglement) ആണ്. പ്രപഞ്ചത്തിലെ രണ്ട് കണികകൾ (Particles) തമ്മിൽ എത്ര അകലെയാണെങ്കിലും അവ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിന്റെ കാതൽ. ഇതിനെ ദൈവശാസ്ത്രപരമായി നോക്കിയാൽ, കർത്താവ് പത്രോസ് ശ്ലീഹായോട് പറഞ്ഞ "നീ ഭൂമിയിൽ കെട്ടുന്നത് സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും" എന്ന വാചകത്തോട് ഇതിന് അതിശയകരമായ സാമ്യമുണ്ട്. ഭൂമിയിൽ സംഭവിക്കുന്നത് മറ്റൊരിടത്ത് (സ്വർഗ്ഗത്തിൽ) പ്രതിഫലിക്കുന്നു എന്നത് ഒരുതരം എന്റാംഗിൾമെന്റ് തന്നെയാണ്.

ക്വാണ്ടം കോൺഷ്യസ്‌നസ് (Quantum Consciousness), ക്വാണ്ടം ഇമ്മോർട്ടാലിറ്റി (Quantum Immortality) തുടങ്ങിയ പുതിയ ചർച്ചകൾ ഇന്ന് ശാസ്ത്രലോകത്ത് സജീവമാണ്. ശാസ്ത്രം തങ്ങളുടെ പക്ഷത്താണെന്ന് അവകാശപ്പെടുന്ന നാസ്തികർക്ക് ഇന്ന് വലിയ തിരിച്ചടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫിസിക്സ് ഏറ്റവും ആധുനികമായ തലങ്ങളിലേക്ക് എത്തുമ്പോൾ, അവിടെ നമ്മൾ കണ്ടെത്തുന്നത് ക്രിസ്തുവിന്റെ പാദമുദ്രകളെയാണ്. നമ്മുടെ പൂർവ്വസൂരികൾ പകർന്നു നൽകിയ ആത്മീയ ചിന്തകളുടെയും പ്രതീക്ഷകളുടെയും കിരണങ്ങൾ ഇന്ന് ശാസ്ത്രത്തിന്റെ വഴിത്താരകളിൽ തെളിഞ്ഞു വരുന്നു എന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്.

ബ്ലാക്ക് ഹോളുകളുടെ ക്വാണ്ടം സ്വഭാവത്തെക്കുറിച്ചും സ്പേസ്-ടൈം ഇൻഫർമേഷനെക്കുറിച്ചും കൂടുതൽ പഠിക്കാൻ താല്പര്യമുള്ളവർക്ക് 'നോ ഹൈഡിങ് തിയറം' പോലുള്ള കാര്യങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്യാവുന്നതാണ്.

യാഥാർത്ഥ്യത്തിന്റെ ആഴമേറിയ തലങ്ങളെക്കുറിച്ച് (Deep structure of reality) അതിശയകരമായ വിവരങ്ങളാണ് ആധുനിക ശാസ്ത്രം നമുക്ക് നൽകുന്നത്. നമ്മുടെ നിലനിലപ്പിനെക്കുറിച്ചും ഓർമ്മയെക്കുറിച്ചും (Memory) മനസ്സിലാക്കാൻ ചിലപ്പോഴൊക്കെ ദൈവശാസ്ത്ര ഗ്രന്ഥങ്ങളേക്കാൾ കൂടുതൽ പ്രചോദനം ഇത്തരം ശാസ്ത്ര ജേണലുകൾ നൽകിയേക്കാം. ഓർത്തഡോക്സ് ദൈവശാസ്ത്രത്തിൽ നമ്മൾ ആവർത്തിച്ച് പറയുന്ന ഒരു കാര്യമാണ് "ഓർമ്മ ശാശ്വതമായിരിക്കട്ടെ" (May the memory be eternal) എന്നത്. ക്വാണ്ടം ഫിസിക്സിലെ 'നോ ഹൈഡിങ് തിയറം' പറയുന്നത് വിവരങ്ങൾ ഒരിക്കലും നശിപ്പിക്കപ്പെടുന്നില്ല എന്നാണ്. ഒരിടത്ത് അത് നഷ്ടപ്പെട്ടതായി തോന്നിയാലും പ്രപഞ്ചത്തിന്റെ മറ്റൊരു ഭാഗത്ത് അത് എൻകോഡ് ചെയ്യപ്പെട്ടിട്ടുണ്ടാകും.

ഇതൊരു ക്രിസ്തീയ പുനരുത്ഥാനത്തിന്റെ (Resurrection) ശാസ്ത്രീയ തെളിവായി ഞാൻ അവതരിപ്പിക്കുന്നില്ല. എങ്കിലും, നമ്മൾ വിശ്വസിക്കുന്നതും പഠിച്ചതുമായ കാര്യങ്ങൾ വെറുതെയല്ല എന്ന് മനസ്സിലാക്കാൻ ഈ കണ്ടെത്തലുകൾ നമ്മെ സഹായിക്കും. നമ്മുടെ വിശ്വാസത്തിന് സമാന്തരമായി നിൽക്കുന്ന ഒരു 'ഫിലോസഫിക്കൽ ബ്രിഡ്ജ്' (Philosophical Bridge) ശാസ്ത്രത്തിനും ആത്മീയതയ്ക്കും ഇടയിൽ ഇതിനോടകം രൂപപ്പെട്ടിട്ടുണ്ട്.

സമയത്തെക്കുറിച്ചുള്ള ശാസ്ത്രീയ ചിന്തകളെ മൂന്ന് ഘട്ടങ്ങളായി നമുക്ക് തിരിക്കാം:

  1. ക്ലാസിക്കൽ ഫിസിക്സ് (ന്യൂട്ടൺ): ഇവിടെ സമയം അബ്സല്യൂട്ട് ആണ്. അത് എല്ലാവർക്കും ഒരുപോലെ ഒരേ വേഗതയിൽ ഒഴുകിക്കൊണ്ടിരിക്കുന്നു. എല്ലാവരും ഒരേ 'ഇപ്പോൾ' (Universal Now) പങ്കിടുന്നു.

  2. ഐൻസ്റ്റീന്റെ സിദ്ധാന്തം: ഇവിടെ സമയം ആപേക്ഷികമാണ്. ചലനവും ഗുരുത്വാകർഷണവും അനുസരിച്ച് സമയത്തിന്റെ വേഗത മാറുന്നു. 'യൂണിവേഴ്സൽ നൗ' എന്ന സങ്കല്പം ഇവിടെ ഇല്ലാതാകുന്നു.

  3. ക്വാണ്ടം ഫിസിക്സ്: ഇതൊരു വലിയ പ്രതിസന്ധിയാണ് ശാസ്ത്രത്തിന് നൽകുന്നത്. ക്വാണ്ടം ഫിസിക്സിൽ ഊർജ്ജവും സ്ഥാനവും എല്ലാം 'ക്വാണ്ടം' (നിശ്ചിത പാക്കറ്റുകൾ) ആയി കണക്കാക്കുമ്പോഴും, സമയത്തെ മാത്രം ഇപ്പോഴും പഴയ രീതിയിൽ (Classical parameter) ആണ് കാണുന്നത്. ഇതിനെ 'പ്രോബ്ലം ഓഫ് ടൈം' (Problem of Time in Quantum Physics) എന്ന് വിളിക്കുന്നു.

ഇവിടെയാണ് ഏറ്റവും പുതിയതും വിപ്ലവകരവുമായ ഒരു ചിന്ത വരുന്നത്—"സമയം ഫണ്ടമെന്റൽ അല്ല" (Time may not be fundamental). അതായത് പ്രപഞ്ചത്തിന്റെ അടിസ്ഥാനപരമായ ഒന്നല്ല സമയം, മറിച്ച് മറ്റെന്തോ ഒന്ന് സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതിഭാസം മാത്രമാകാം ഇത്.

പ്രിയപ്പെട്ട സുഹൃത്തുക്കളെ, സമയത്തെക്കുറിച്ചുള്ള ഈ അന്വേഷണം ഇവിടെ അവസാനിക്കുന്നില്ല. ശാസ്ത്രം എത്രത്തോളം മുന്നോട്ട് പോകുന്നുവോ, അത്രത്തോളം അത് പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്കും ആത്യന്തികമായ സത്യത്തിലേക്കും വിരൽ ചൂണ്ടുന്നു. സമയത്തിന്റെ ഈ ബന്ധനങ്ങളിൽ നിന്ന് മോചിതരാകാൻ നാം ശ്രമിക്കുമ്പോൾ, ആധുനിക ഫിസിക്സും പുരാതനമായ ആത്മീയതയും ഒരേ വഴിയിൽ സന്ധിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.

മനുഷ്യചിന്തകൾ, പ്രത്യേകിച്ച് ഫിസിക്സ് പോലെയുള്ള മേഖലകൾ എത്രത്തോളം മുന്നോട്ട് പോകുന്നുവോ, അത്രത്തോളം വലിയ പ്രതിസന്ധികളിലേക്കാണ് ശാസ്ത്രലോകം എത്തിച്ചേരുന്നത്. ഈ യാഥാർത്ഥ്യങ്ങൾ കാണുമ്പോഴാണ്, വെറും ഉപരിപ്ലവമായ അറിവ് മാത്രം വെച്ച് നമ്മുടെ ശ്രേഷ്ഠമായ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും തള്ളിപ്പറയുന്ന നിരീശ്വരവാദികളെയും ചില 'നാലണ' ശാസ്ത്രജ്ഞന്മാരെയും ഓർക്കുമ്പോൾ സങ്കടം തോന്നുന്നത്. തങ്ങൾ സ്വതന്ത്രരായി എന്ന് കരുതി വിശ്വാസം ഉപേക്ഷിച്ചു പോകുന്നവരുടെ നിലപാടുകൾ എത്ര ബാലിശമാണെന്ന് ആധുനിക ഫിസിക്സ് തന്നെ നമുക്ക് കാണിച്ചുതരുന്നുണ്ട്.

ആധുനിക ഫിസിക്സിലെ ഏറ്റവും പുതിയൊരു വാദമാണ് "സമയം ഫണ്ടമെന്റൽ അല്ല, അത് എമേർജന്റ് (Emergent) ആണ്" എന്നത്. ഇത് മനസ്സിലാക്കാൻ 'ഊഷ്മാവ്' (Temperature) ഒരു ഉദാഹരണമായി എടുക്കാം. ഒരു സ്വതന്ത്ര കണികയ്ക്ക് (Individual molecule) സ്വന്തമായി ഊഷ്മാവില്ല. എന്നാൽ ഒരു കൂട്ടം കണികകൾ ഒത്തുചേരുമ്പോൾ അവയുടെ ചലനത്തിൽ നിന്ന് 'ഊഷ്മാവ്' എന്ന അനുഭവം രൂപപ്പെടുന്നു. അതുപോലെ, പ്രപഞ്ചത്തിന്റെ ആഴമേറിയ തലങ്ങളിൽ (Deepest level) സമയമില്ലായിരിക്കാം; എന്നാൽ കണികകൾ തമ്മിലുള്ള ബന്ധങ്ങളിൽ നിന്നും മാറ്റങ്ങളിൽ നിന്നും സമയം 'ഉണ്ടായി വരുന്നതാകാം' (Emergent Time).

ഭൗതികശാസ്ത്രം ഇത്തരം പ്രഹേളികകളിൽ നിൽക്കുമ്പോൾ, ക്രിസ്തീയ ദൈവശാസ്ത്രം ഇതിനെ വളരെ വ്യക്തമായി കാണുന്നുണ്ട്. ലൂക്കാ സുവിശേഷം 20-ാം അധ്യായത്തിൽ കർത്താവ് പറയുന്ന മനോഹരമായ ഒരു വാചകമുണ്ട്: "ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന് ജീവിച്ചിരിക്കുന്നുവല്ലോ." അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്ന് കർത്താവ് വിശേഷിപ്പിക്കുമ്പോൾ, സഹസ്രാബ്ദങ്ങൾക്ക് മുമ്പ് മരിച്ചുപോയവരല്ല അവർ, മറിച്ച് ദൈവത്തിന് അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്.

നമ്മളെ സംബന്ധിച്ച് 'മരണം' എന്നത് ഒരു റിലേറ്റീവ് കോൺസെപ്റ്റ് മാത്രമാണ്. ശാസ്ത്രം പറയുന്നത് പോലെ 'നത്തിങ് ഈസ് ലോസ്റ്റ്' (Nothing is lost). നമ്മുടെ സഭയിൽ നമ്മൾ എപ്പോഴും പിതാക്കന്മാരോടും വിശുദ്ധരോടും ചേർന്ന് നിൽക്കുന്നത് അതുകൊണ്ടാണ്. അവർ മരിച്ചുപോയവരല്ല, മറിച്ച് ക്രിസ്തുവിൽ ജീവിക്കുന്നവരാണ്. ക്വാണ്ടം എന്റാംഗിൾമെന്റിൽ കണികകൾ തമ്മിലുള്ള ബന്ധം പോലെ, സഭയിലെ ഓരോ വിശ്വാസിയും കാലത്തിനപ്പുറം പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.

ദൈവം മോശയോട് സംസാരിക്കുമ്പോൾ "ഞാൻ ഒരു അത്ഭുതപ്രവർത്തകനാണ്" എന്നല്ല സ്വയം പരിചയപ്പെടുത്തിയത്. മറിച്ച്, ചരിത്രത്തിലെ പിതാക്കന്മാരുടെ പേര് പറഞ്ഞുകൊണ്ട് ആ ബന്ധത്തെയാണ് ഉറപ്പിച്ചത്. ഇന്നത്തെ കാലത്ത് പലരും അത്ഭുതങ്ങൾക്കും രോഗശാന്തിക്കും പിന്നാലെ ഓടുമ്പോൾ, ദൈവം കാലാതീതനാണെന്നും അവനിൽ എല്ലാവരും നിത്യമായി ജീവിക്കുന്നുവെന്നുമുള്ള വലിയ സത്യമാണ് നമ്മൾ തിരിച്ചറിയേണ്ടത്.

ഇന്ന് പലരും അത്ഭുതങ്ങളുടെയും രോഗശാന്തികളുടെയും പുറകെയാണ്. സഭയിൽ നിന്ന് വിഘടിച്ചു നിൽക്കുന്നവരും പല പുതിയ കൂട്ടായ്മകളും തങ്ങളുടെ ആധികാരികത തെളിയിക്കാൻ ഇത്തരം അത്ഭുതങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ദൈവം മോശയോട് സംസാരിക്കുമ്പോൾ സ്വയം പരിചയപ്പെടുത്തിയത് തന്റെ ശക്തിയോ അത്ഭുതങ്ങളോ വിവരിച്ചുകൊണ്ടല്ല. മറിച്ച്, "ഞാൻ അബ്രാഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമാകുന്നു" എന്നാണ്.

നമുക്കറിയാം, അബ്രാഹാമും ഇസ്ഹാക്കും യാക്കോബുമൊന്നും കുറ്റമറ്റവരായിരുന്നില്ല. പലപ്പോഴും ഭയപ്പെട്ടവരും ബലഹീനതകൾ ഉള്ളവരുമായിരുന്നു അവർ. എങ്കിലും ദൈവം അവരുടെ പേര് പറയാൻ ലജ്ജിച്ചില്ല. അവർ കുറവുകളുള്ളവരായിരിക്കാം, എങ്കിലും അവർ നമ്മുടെ പിതാക്കന്മാരാണ്. നമ്മൾ പലപ്പോഴും ആ പഴയ കഥകളെയും പാരമ്പര്യങ്ങളെയും തള്ളിപ്പറയാൻ ശ്രമിക്കുന്നു. "അതൊക്കെ പണ്ടത്തെ കഥയല്ലേ" എന്ന് ചോദിക്കുന്നു. നമ്മൾ അവരിൽ നിന്ന് വേർപെടാൻ (De-tangled) ശ്രമിക്കുമ്പോൾ യഥാർത്ഥത്തിൽ നമ്മൾ സ്വയം അപഹാസ്യരാകുകയാണ് ചെയ്യുന്നത്.

ഇവിടെയാണ് ആധുനിക ഫിസിക്സ് നമുക്ക് നൽകുന്ന ഉൾക്കാഴ്ച പ്രസക്തമാകുന്നത്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, പ്രപഞ്ചത്തിൽ ഒന്നും ആത്യന്തികമായി നശിപ്പിക്കപ്പെടുന്നില്ല (Nothing is truly lost). അത് സിസ്റ്റത്തിന്റെ മറ്റൊരു ഭാഗത്ത് കൂടുതൽ യാഥാർത്ഥ്യമായി നിലനിൽക്കുന്നു. നമ്മൾ സഭയായി നിൽക്കുമ്പോൾ ആ വലിയ വിശുദ്ധരുടെ കൂട്ടായ്മയിലാണ് (Cloud of Witnesses) വസിക്കുന്നത്. കാലം കഴിഞ്ഞുപോകുമ്പോൾ കാര്യങ്ങൾ മാഞ്ഞുപോകുന്നു എന്ന് നമുക്ക് തോന്നാമെങ്കിലും ദൈവത്തിന്റെ കാഴ്ചപ്പാടിൽ അതെല്ലാം അത്യന്തം യാഥാർത്ഥ്യമാണ്.

ദൈവം സമയത്തിലേക്കും സ്പേസിലേക്കും ഇറങ്ങിവന്നവനാണ്. അതുകൊണ്ടാണ് ക്രൈസ്തവരായ നമ്മളെ സംബന്ധിച്ച് സമയം വിശുദ്ധമാകുന്നത് (Sacred Time). വിശുദ്ധ കുർബാനയിൽ നമ്മൾ ചൊല്ലുന്നത് പോലെ, "ഈ നാഴിക എത്ര ഭയങ്കരവും ഭ്രമിക്കത്തക്കതുമാകുന്നു." സമയം ദൈവത്തിന്റെ സൃഷ്ടിയാണ്. ആ സമയമാകുന്ന ഉടയാടയെ ഈ പ്രകൃതിക്ക് നൽകി അനുഗ്രഹിച്ച ദൈവം വാഴ്ത്തപ്പെട്ടവനാകുന്നു.

നമുക്ക് ലഭിച്ചിരിക്കുന്ന ഈ കാലത്തെയും ജീവിതത്തെയും പ്രത്യാശയോടെയും വിശ്വാസത്തോടെയും കാണാൻ ദൈവം നമ്മെ സഹായിക്കട്ടെ.

ദൈവമായ കർത്താവ് നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെ.