മാർത്തോമ്മാ സിംഹാസനവാദം ഒരു പുനർവിചിന്തനം

പന്ത്രണ്ട് സിംഹാസനങ്ങൾ, സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ, കൊഹനൂസോ: മാർത്തോമ്മാ സിംഹാസനവാദം ഒരു പുനർവിചിന്തനം

Cherian Jacob

3/19/20261 min read

പന്ത്രണ്ട് സിംഹാസനങ്ങൾ, സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ, കൊഹനൂസോ: മാർത്തോമ്മാ സിംഹാസനവാദം ഒരു പുനർവിചിന്തനം

ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗം 1974-ൽ ഔദ്യോഗികമായി ഉയർത്തിക്കൊണ്ടുവന്ന "വിശുദ്ധ തോമാശ്ലീഹായുടെ അപ്പസ്തോലിക സിംഹാസനം" എന്ന വാദം അമ്പത് വർഷങ്ങൾ പിന്നിടുമ്പോഴും കേവലം വൈകാരികമായ അവകാശവാദങ്ങൾക്കപ്പുറം അക്കാദമിക് ആയി സ്ഥാപിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. സഭയുടെ കാതോലിക്കയും മറ്റ് വക്താക്കളും നടത്തുന്ന മുടന്തൻ ന്യായങ്ങൾക്കപ്പുറം, ഈ വിഷയത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന ഒരു പ്രബന്ധം പോലും ഓർത്തഡോക്സ് വിഭാഗത്തിന് ലോകത്തിന് മുന്നിൽ സമർപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. കത്തോലിക്കാ സഭ പോലും സങ്കീർണ്ണമായി കാണുന്ന ഈ വിഷയത്തിൽ, തിരുവെഴുത്തുകളെയും ചരിത്രത്തെയും തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് ഈ വാദം നിലനിൽക്കുന്നത്. ഒരു മാർത്തോമ്മാ ഇടവകക്കാരൻ എന്ന നിലയിൽ, പരിശുദ്ധ തോമാശ്ലീഹായ്ക്ക് ഒരു സിംഹാസനം ഉണ്ടെന്ന് തെളിയിക്കപ്പെട്ടാൽ അത് തികച്ചും അഭിമാനകരമാണ്; എന്നാൽ സത്യത്തെ ബലികഴിച്ചുകൊണ്ടുള്ള സിംഹാസനവാദം ദൈവശാസ്ത്രപരമായി നിലനിൽപ്പില്ലാത്തതാണ്.

ഈ വിഷയത്തെ പരിശോധിക്കുമ്പോൾ പ്രധാനമായും കാണുന്നത് സുവിശേഷത്തിലെ വ്യത്യസ്തമായ പല സന്ദർഭങ്ങളെയും "അപ്പസ്തോലിക അധികാരം" എന്ന ഒരൊറ്റ ആശയത്തിലേക്ക് അശാസ്ത്രീയമായി കൂട്ടിക്കലർത്തുന്നു എന്നതാണ്. ഈ സംയോജനം ആദ്യം ദൈവശാസ്ത്രത്തിലും, പിന്നീട് ചരിത്രത്തിലും, ഒടുവിൽ സഭാ രാഷ്ട്രീയത്തിലും വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മത്തായി 19:28-ലെ പന്ത്രണ്ട് സിംഹാസനങ്ങളെക്കുറിച്ചുള്ള വാഗ്ദാനവും, മത്തായി 16:13-19-ൽ ശീമോൻ പത്രോസിന് സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ നൽകുന്നതും, യോഹന്നാൻ 20:21-23-ൽ നൽകപ്പെടുന്ന കൂദാശപരമായ പൗരോഹിത്യ അധികാരവും (കഹാനൂസോ) വ്യത്യസ്തമായ അർത്ഥതലങ്ങളുള്ളവയാണ്. ഈ രംഗങ്ങളെ അവയുടേതായ ക്രമത്തിലും ഉള്ളടക്കത്തിലും വായിക്കുന്നതിന് പകരം, പിൽക്കാല അവകാശവാദങ്ങൾക്കായി തിരുവെഴുത്തിലേക്ക് പുതിയ ആശയങ്ങൾ തിരുകിക്കയറ്റുകയാണ് ചെയ്യുന്നത്.

ആദ്യമായി, പന്ത്രണ്ട് സിംഹാസനങ്ങളെക്കുറിച്ചുള്ള ക്രിസ്തുവിന്റെ വാഗ്ദാനം പരിശോധിക്കാം. മത്തായി 19:28-ൽ, തന്നെ അനുഗമിച്ചവർ "പന്ത്രണ്ട് സിംഹാസനങ്ങളിൽ ഇരുന്ന് ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളെ വിധിക്കും" എന്ന് അവിടുന്ന് വ്യക്തമായി പറയുന്നു. ഈ സംഖ്യയും ലക്ഷ്യവും യാദൃച്ഛികമല്ല; അത് പഴയനിയമ ഉടമ്പടിയുടെ പൂർത്തീകരണവും ഇസ്രായേലിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടതാണ്. ഇത് പിൽക്കാലത്തെ എപ്പിസ്കോപ്പൽ പദവിയെക്കുറിച്ചുള്ള പൊതുവായ പ്രസ്താവനയല്ല, മറിച്ച് ദൗത്യധിഷ്ഠിതമായ ഒരു വാഗ്ദാനമാണ്. സമാന്തര സുവിശേഷങ്ങളിൽ പന്ത്രണ്ട് പേരെ ആദ്യം അയക്കുന്നത് "ഇസ്രായേൽ വംശത്തിലെ കാണാതെപോയ ആടുകളുടെ" അടുത്തേക്കാണ്. അതിനാൽ, ഈ പന്ത്രണ്ട് സിംഹാസനങ്ങളെ ഓരോ അപ്പസ്തോലിക സ്ഥാപകനും തുല്യമായ രീതിയിൽ അവകാശപ്പെടാവുന്ന ഭരണപരമായ 'സിംഹാസനങ്ങൾ' ആയി കാണുന്നത് വചനവിരുദ്ധമാണ്.

രണ്ടാമതായി, സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകളെക്കുറിച്ചുള്ള പ്രഖ്യാപനം തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലുള്ളതാണ്. പിലിപ്പിന്റെ കേസരിയയിൽ വെച്ച് ശീമോൻ പത്രോസ് നടത്തിയ വിശ്വാസപ്രഖ്യാപനം "ജഡരക്തങ്ങൾ അല്ല", മറിച്ച് സ്വർഗ്ഗസ്ഥനായ പിതാവാണ് ഈ രഹസ്യം വെളിപ്പെടുത്തിയതെന്ന് ക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു. തുടർന്ന് അവിടുന്ന് അവന് 'പാറ' (കേപ്പാ) എന്ന പുതിയ പേര് നൽകുകയും, ആ പാറമേൽ സഭ പണിയുമെന്നും, സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ നൽകുമെന്നും പ്രഖ്യാപിക്കുന്നു. ആദ്യത്തേത് (പന്ത്രണ്ട് സിംഹാസനങ്ങൾ) ഒരു സംഘാതപരമായ (Collegial) വാഗ്ദാനമാണെങ്കിൽ, രണ്ടാമത്തേത് പത്രോസിന് മാത്രമായി നൽകപ്പെട്ട വ്യക്തിപരവും സഭയുടെ ദൃശ്യമായ ക്രമത്തിന് അടിസ്ഥാനപരമായതുമായ അധികാരവുമാണ്. ഇവയെ "എല്ലാ അപ്പസ്തോലന്മാരും ഒരേ കാര്യം ഒരേ രീതിയിൽ സ്വീകരിച്ചു" എന്ന് ലഘൂകരിക്കുന്നത് സുവിശേഷത്തിന്റെ സവിശേഷതയെ മായ്ച്ചു കളയലാണ്.

മൂന്നാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ വശം യോഹന്നാന്റെ സുവിശേഷം 20-ലെ കൂദാശപരമായ അധികാരത്തെക്കുറിച്ചുള്ളതാണ്. ഉയിർപ്പിന്റെ വൈകുന്നേരം ശിഷ്യന്മാരുടെ മേൽ ഊതിക്കൊണ്ട് "നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ; നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവർക്ക് ക്ഷമിക്കപ്പെട്ടിരിക്കും" എന്ന് ക്രിസ്തു കൽപ്പിച്ചു. സുറിയാനി ഓർത്തഡോക്സ് പാരമ്പര്യത്തിൽ ഇത് പൗരോഹിത്യത്തിന്റെ (Kohanooso) അടിസ്ഥാനമാണ്. എന്നാൽ, ക്രിസ്തു ആദ്യമായി വരികയും ഈ അധികാരം നൽകുകയും ചെയ്തപ്പോൾ തോമാശ്ലീഹാ അവിടെ ഉണ്ടായിരുന്നില്ല എന്ന് വചനം (യോഹ 20:24) പ്രത്യേകം എടുത്തു പറയുന്നുണ്ട്. പിന്നീട് എട്ടു ദിവസങ്ങൾക്ക് ശേഷം അദ്ദേഹം ക്രിസ്തുവിനെ കാണുകയും ഏറ്റുപറയുകയും ചെയ്യുന്നുണ്ടെങ്കിലും, തോമസിന് മാത്രമായി ക്രിസ്തു പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ട് ഊതുന്നതോ, താക്കോലുകൾ നൽകുന്നതോ, ഒരു സിംഹാസനം വാഗ്ദാനം ചെയ്യുന്നതോ ആയ ഒരു രംഗം സുവിശേഷത്തിലില്ല. വചനത്തിലെ ഈ നിശബ്ദത അതിരുകടന്ന അവകാശവാദങ്ങൾക്കെതിരെ നിലകൊള്ളുന്നു. (ഇന്ത്യൻ ഓർത്തഡോക്സ് കാരും ഒരാളെ കശീശ്ശാ പദവിയിൽ ആക്കുമ്പോൾ, ഊതുന്നത് എന്തിനാണ്. മാത്തോമ്മാ സിംഹാസന വാദികൾ അങ്ങിനെയാണെങ്കിൽ അത് ഉപേക്ഷിക്കേണ്ടേ? തോമാ ശിഹായ്ക്കു കിട്ടിയപോലെ കിട്ടുന്നതല്ലേ നല്ലതു? )

ഇന്ത്യയിലെ സിംഹാസനവാദികൾ പലപ്പോഴും അലക്സാണ്ട്രിയയിലെ വിശുദ്ധ മർക്കോസിന്റെ സിംഹാസനത്തെ ഉദാഹരണമായി പത്രോസിന്റേതല്ലാത്ത സിംഹാസനത്തിനു ഉദാഹരണമായി ചൂണ്ടിക്കാട്ടാറുണ്ട്. എന്നാൽ മർക്കോസിന്റെ സിംഹാസനം ആദിമസഭ മുതൽ ചരിത്രപരമായി ഉറപ്പിക്കപ്പെട്ടതും സാർവ്വത്രിക സഭാക്രമത്തിൽ (Ecclesiastical Order) അംഗീകരിക്കപ്പെട്ടതുമാണ്. കൂടാതെ, അലക്സാണ്ട്രിയൻ സഭ ഒരിക്കലും മർക്കോസിന്റെ സിംഹാസനത്തെ പത്രോസിന്റെ അധികാരത്തിന് ബദലായോ സ്വതന്ത്രമായോ അവതരിപ്പിച്ചിട്ടില്ല. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക രേഖകൾ "വിശുദ്ധ പത്രോസിന് റോമിലോ അന്ത്യോക്യയിലോ സിംഹാസനം ഉണ്ടായിരുന്നത് പോലെ തോമസിന് ഇന്ത്യയിൽ സിംഹാസനമുണ്ടായിരുന്നു" എന്ന് അവകാശപ്പെടുമ്പോഴും, ഇതിനെ പിന്താങ്ങുന്ന കാനോനികമായ തെളിവുകളോ പാൻ-ഓർത്തഡോക്സ് അംഗീകാരമോ അവർക്ക് ഹാജരാക്കാൻ കഴിയുന്നില്ല. റഷ്യൻ സഭയെപ്പോലുള്ളവർ നയതന്ത്രപരമായ ആവശ്യങ്ങൾക്കായി ഈ സ്വയം ശീർഷകത്വം പറയുന്നുണ്ട് എങ്കിലും അവർ പദവി ഉപയോഗിക്കുന്നത് ഒരു സാർവ്വത്രിക വിശ്വാസ പ്രമാണത്തിന്റെ ഭാഗമല്ല.

ചുരുക്കത്തിൽ, തോമാശ്ലീഹായുടെ ഏറ്റുപറച്ചിലിൽ നിന്ന് ഒരു സിംഹാസന ദൈവശാസ്ത്രം ബലമായി ഉണ്ടാക്കിയെടുക്കുന്നത് വചനം പറയാത്ത കാര്യങ്ങൾ വ്യാജമായി അതിനെക്കൊണ്ട് പറയിപ്പിക്കലാണ്. തോമാശ്ലീഹാ തന്നെ കേട്ടറിവുകളെ വിശ്വസിക്കാതെ നേരിട്ടുള്ള തെളിവ് ആവശ്യപ്പെട്ട അപ്പസ്തോലനാണ് എന്നിരിക്കെ അതേ തോമസിന്റെ പേരിൽ ഒരു അവകാശവാദം ഉന്നയിക്കുമ്പോൾ തെളിവ് എവിടെ എന്ന ചോദ്യം ആദ്യം ചോദിക്കുന്നത് പരിശുദ്ധ മാർത്തോമ്മാ ശ്ലീഹ തന്നെ ആയിരിക്കും എന്നതിൽ സംശയം ഇല്ല. വചനപരമായ അടിത്തറയോ, ആദ്യകാല ആരാധനാക്രമ സാക്ഷ്യമോ, സാർവ്വത്രികമായ കാനോനിക അംഗീകാരമോ ഇല്ലാത്ത ഈ പൊള്ളവാദം വെറുമൊരു സഭാ രാഷ്ട്രീയ ആയുധം മാത്രമായി അവശേഷിക്കുന്നു.

കൂടുതൽ വ്യക്തമായ അക്കാദമിക് തെളിവുകൾ ഹാജരാക്കുന്നത് വരെ, "മാർത്തോമ്മാ സിംഹാസനം" എന്നത് സഭയുടെ ആഭ്യന്തരമായ ഒരു അലങ്കാര പദവി എന്നതിനപ്പുറം ചരിത്രപരമായോ ദൈവശാസ്ത്രപരമായോ നിലനിൽപ്പില്ലാത്ത ഒന്നാണ്. എന്തിനും പ്രബന്ധം അവതരിപ്പിക്കുകയും നമ്മുടെ കർത്താവിന്റെ ഏകസ്വഭാവം എന്ന സഭയുടെ വാദം കത്തോലിക്കാ സഭയ്ക്ക് വേണ്ടി നേർപ്പിക്കാൻ കാൽസിഡോൺ റീ എക്‌സാമിൻഡ് എന്ന പ്രബന്ധം വരെയുണ്ടാക്കി കത്തോലിക്കാ സഭയുടെ പോലും മുഖം രക്ഷിച്ച വി സി ശാമുവേൽ അച്ചനെപ്പോലെയുള്ള ബുദ്ധി രാക്ഷസന്മാർ ഉള്ള ഇന്ത്യൻ മെത്രാൻ കക്ഷികൾ ഇതും കൂടെ തെളിയിക്കുക അതുവരെയും തൽക്കാലം നിങ്ങളുടെ വാദഗതികൾ അസ്ഥാനത്താണ് എന്ന് ഓർപ്പിച്ചുകൊണ്ട് നിർത്തട്ടെ