പ്രേമം മരണത്തേക്കാൾ ശക്തമാണ്
പ്രേമം മരണത്തേക്കാൾ ശക്തമാണ്
2/14/20261 min read


പ്രേമം മരണത്തേക്കാൾ ശക്തമാണ്
പ്രേമം മരണത്തേക്കാൾ ശക്തമാണ്. ഉത്തമഗീതങ്ങളുടെ പുസ്തകം ബൈബിളിന്റെ ഹൃദയഭാഗത്താണ് നിലകൊള്ളുന്നത്. “Song of Songs” എന്ന പേര് എബ്രായഭാഷയുടെ ഒരു പ്രത്യേകതയിൽ നിന്നാണ് ഉത്ഭവിച്ചത്. എബ്രായത്തിൽ superlative രൂപം വ്യക്തമായി പറയാനുള്ള സൗകര്യം ഇല്ലാത്തതിനാൽ “King of Kings”, “Lord of Lords” എന്നപോലെ “Song of Songs” എന്നും പറയുന്നു — അതായത് പാട്ടുകളിലെ പാട്ട്, ഏറ്റവും ഉത്തമമായ ഗാനം. ആദിമസഭ ഏറ്റവും പ്രിയപ്പെട്ടും ധ്യാനിച്ചും ചേർത്തുപിടിച്ചിരുന്ന പുസ്തകം ഉത്തമഗീതങ്ങളായിരുന്നു. പുരാതനസഭാപിതാക്കന്മാർ പഴയനിയമ ഗ്രന്ഥങ്ങൾക്ക് എഴുതിയ കമന്ററികളിൽ ഏറ്റവും കൂടുതലുള്ളത് ഉത്തമഗീതത്തിനാണ്. എന്നാൽ ഇന്ന് ഈ പുസ്തകത്തെ കുറിച്ച് സഭയുടെ ഒരു വിചിത്രമായ അനാസ്ഥ കാണാം. അത് പുസ്തകത്തിന്റെ ദൗർബല്യമല്ല; അത് മനസ്സിലാക്കുന്നതിൽ സഭയുടെ പരാജയമാണ്.
“അല്ലയോ കാന്തേ, നിന്റെ അധരം തേൻകട്ട പൊഴിക്കുന്നു; നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ട്; നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു” എന്ന് ഉത്തമഗീതം പറയുന്നു. ഇവിടെ “സുഗന്ധം” എന്നത് ഗ്ലോറിയസ് ഗോസ്പലിന്റെ ഒരു പ്രധാന ബിംബമാണ്. പൗലോസ് തന്നെ “ക്രിസ്തുവിന്റെ സുഗന്ധം” എന്ന ഭാഷ ഉപയോഗിക്കുന്നു. അതുകൊണ്ട് “നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ” എന്നത് ഒരു കവിതാപ്രയോഗം മാത്രമല്ല; അത് ആത്മീയ തിരിച്ചറിയലാണ്. ലെബാനോൻ എന്നത് പിതൃപാരമ്പര്യത്തിന്റെ, സുറിയാനി സഭയുടെ, വിശുദ്ധ പാരമ്പര്യത്തിന്റെ അടയാളമാണ്. ഇന്ന് ഉയരുന്ന വാസന എന്താണ്? ലെബാനോന്റെ സുഗന്ധമോ, അല്ലെങ്കിൽ മറ്റൊരു മണമോ? ഓരോരുത്തരും സ്വയം പരിശോധിക്കണം.
സഭയെ ഉത്തമഗീതം “കെട്ടിയടച്ചിരിക്കുന്ന തോട്ടം” എന്നു വിളിക്കുന്നു. ഇത് എക്ലീഷോളജിയാണ്. സഭ ഒരു enclosed garden ആണ്, fortified city ആണ്. വെളിപ്പാടിന്റെ പുസ്തകത്തിൽ നാം കാണുന്നത് മതിൽകെട്ടിയ നഗരം, പന്ത്രണ്ട് കവാടങ്ങൾ, അപ്പസ്തോലിക നേത്യത്വം. ഓരോ ബിഷപ്പും ആ മതിലിലെ ഒരു കവാടമാണ്. മതിൽ സംരക്ഷണത്തിനാണ് — doctrinal infiltration, cultural infiltration എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ. നെഹെമ്യാവിന്റെ ദുഃഖം മതിൽ ഇടിഞ്ഞതും കവാടങ്ങൾ കത്തിച്ചതുമായിരുന്നു. മതിൽ ഇടിഞ്ഞാൽ ഉടമസ്ഥാവകാശം നഷ്ടപ്പെടുന്നു; വേർതിരിവ് ഇല്ലാതാകുന്നു; സംരക്ഷണം തകർന്നു പോകുന്നു.
പുരാതന സംസ്കാരങ്ങളിൽ പട്ടണങ്ങൾ പിതാക്കന്മാരുടെ കല്ലറകൾ ചുറ്റിപ്പറ്റിയാണ് രൂപപ്പെട്ടത്. നോമാഡിക് സമൂഹങ്ങൾ അവരുടെ പൂർവികരുടെ അസ്ഥികൾ ശേഖരിച്ച് യാത്ര ചെയ്തു; പിന്നീട് സ്ഥിരതാമസം ആക്കുമ്പോൾ നഗരത്തിന്റെ ഹൃദയഭാഗത്ത് ആ അസ്ഥികളെ സ്ഥാപിച്ചു. അസ്ഥികളെ ചുറ്റിപ്പറ്റിയാണ് സംസ്കാരവും നാഗരികതയും രൂപപ്പെട്ടത്. ഇത് ബിബ്ലിക്കൽ പാറ്റേണാണ്. മോശെ യൗസേപ്പിന്റെ അസ്ഥികളെ ബഹുമാനിച്ച് കൊണ്ടുപോയി. സേവേറിയോസ് പാത്രിയർക്കീസിന്റെ അസ്ഥികൾ 1500 വർഷങ്ങൾക്ക് ശേഷവും സംസാരിക്കുന്നു. അസ്ഥികൾക്ക് ചുറ്റുമുള്ള ആത്മീയതയാണ് സുറിയാനി സഭയുടെ പാരമ്പര്യം. അതുകൊണ്ടാണ് ലിറ്റർജിയിൽ പറയുന്നത്: “ഉത്തമ യൗസേപ്പിന്റെ അസ്ഥികളെ മൂശാ ബഹുമാനിച്ചതുപോലെ…” വിശുദ്ധരുടെ പാരമ്പര്യം കേന്ദ്രമാക്കിയാണ് സഭ നിലകൊള്ളുന്നത്. ധൂപപ്രാർത്ഥനയും ഇതേ മിസ്റ്റിക് റിയാലിറ്റിയുമായി ബന്ധപ്പെട്ടതാണ് — അത് ഒരു spiritual mystery ആണ്.
ബൈബിളിൽ മൂന്ന് തോട്ടങ്ങൾ കാണാം. ആദ്യത്തെ തോട്ടം — ഏദൻ — അവിടെ മരണം കയറി വന്നു. “നീ മരിക്കും” എന്ന ദൂത് അവിടെ മുഴങ്ങി. രണ്ടാമത്തെ തോട്ടം — ഉത്തമഗീതം — അവിടെ പ്രേമമാണ്. അത് antidote to death ആണ്. മൂന്നാമത്തെ തോട്ടം — യോഹന്നാന്റെ സുവിശേഷത്തിൽ — അവിടെ ഒരു കല്ലറ ഉണ്ട്; എന്നാൽ അവിടെ പ്രേമം മരണത്തെ ജയിക്കുന്നു. Love is stronger than death. ഉല്പത്തിയിൽ ആദം ഹവ്വയെ കുറ്റപ്പെടുത്തുന്നു: “ഈ സ്ത്രീ…” എന്നാൽ ഉത്തമഗീതത്തിൽ കാന്തൻ കാന്തയെ കുറ്റപ്പെടുത്തുന്നില്ല; മറിച്ച് തല മുതൽ പാദം വരെ വർണ്ണിക്കുന്നു. രണ്ടുതവണ വർണ്ണിക്കുന്നു — മുകളിൽ നിന്ന് താഴേക്ക്, താഴെ നിന്ന് മുകളിലേക്ക്. ഇത് appreciation ആണ്. ഉല്പത്തിയിലെ കുറ്റാരോപണത്തിന് ഉത്തമഗീതം മറുപടി നൽകുന്നു.
ആരാധന responsive ആണ്. appreciation ന്‍റെ പ്രതികരണം. സ്നേഹം സകലതും ക്ഷമിക്കുന്നു എന്ന് എഴുതിയ പൗലോസ്, അതേ ലേഖനത്തിൽ “മരണമേ, നിന്റെ ജയം എവിടെ?” എന്ന് ചോദിക്കുന്നു. സോളമൻ പറയുന്നു: “പ്രേമം മരണം പോലെ ശക്തമാണ്.” ക്രിസ്തു തെളിയിച്ചു: “പ്രേമം മരണത്തേക്കാൾ ശക്തമാണ്.” സ്നേഹത്താൽ മരണം ജയിക്കപ്പെട്ടു.
ഏദനിലെ നാല് നദികൾ — പീശോൻ, ഗീഹോൻ, ഹിദക്കൽ, ഫ്രാത്ത് — സഭാപിതാക്കന്മാർ നാല് സുവിശേഷങ്ങളായി വ്യാഖ്യാനിച്ചു. പീശോൻ പൊന്നുള്ള ദേശത്തേക്ക് ഒഴുകുന്നു; അത് യോഹന്നാന്റെ സുവിശേഷം — theologically deep, golden Gospel. പിതാക്കന്മാരുടെ ഗ്രന്ഥങ്ങൾ — സേവേറിയോസ്, അത്തനേഷ്യോസ്, അഫ്രാഹാത്ത്, ഐസക് — ഇവയാണ് സഭയെ നനക്കുന്ന നദികൾ. cheap spirituality അല്ല.
നോമ്പ് ഒരു തീർത്ഥാടനം ആണ് — വെള്ളം വീഞ്ഞാകുന്നതിൽ നിന്ന് മരണത്തെ ജയിക്കുന്ന പുനരുത്ഥാനത്തേക്ക്. ഈ നോമ്പിന്റെ meditation: “പ്രേമം മരണത്തേക്കാൾ ശക്തമാണ്.” പ്രേമം നഷ്ടപ്പെട്ടപ്പോൾ മരണം കയറി വന്നു; പ്രേമം പുനഃസ്ഥാപിക്കുമ്പോൾ മരണം തോറ്റു. ഉത്തമഗീതം അവസാനിക്കുന്നത് മുന്നറിയിപ്പോടെ: “യരുശലേം പുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഉണർത്തരുത്.” ഇത് superficial കാര്യമല്ല; mature reality ആണ്. “എന്നെ ഒരു മുദ്രമോതിരമാക്കി നിന്റെ ഹൃദയത്തിന് മേലും…” — പ്രേമം ദിവ്യജ്വാലയാണ്.
അവസാനം ചോദ്യം ഇതാണ്: നമ്മുടെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെതാണോ? അല്ലെങ്കിൽ മറ്റൊന്നോ? ഓരോരുത്തരും സ്വയം പരിശോധിക്കണം. പ്രേമം മരണത്തേക്കാൾ ശക്തമാണെന്ന് വിശ്വസിക്കുന്നുവെങ്കിൽ, ആ പ്രേമത്തിന്റെ സുഗന്ധം ഉയരണം.
